യേശുവിന്‍റെ അമ്മ മറിയത്തിന്‍റെ പേരില്‍ അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് ഈയിടെ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍നിന്നും പ്രതിമകളില്‍നിന്നും രക്തക്കണ്ണീര്‍ പൊഴിയുക, തേനും പാലും നെയ്യും ഒഴുകുക, ജപമാലയില്‍നിന്നു സുഗന്ധം വമിക്കുക തുടങ്ങി അനേകം അത്ഭുതങ്ങള്‍ ധ്യാന കേന്ദ്രങ്ങളും, ചില ക്രിസ്തീയ ഭവനങ്ങളും കേന്ദ്രീകരിച്ച് നടന്നുവരുന്നു. ഇവിടങ്ങളില്‍ അടയാളങ്ങള്‍ക്കോ അദ്ഭുതങ്ങള്‍ക്കോ സാക്ഷികളായിട്ടുള്ള വ്യക്തികളെ ദിവ്യപരിവേഷം നല്‍കി പരിഗണിക്കുകയും ഇവരിലൂടെ പ്രഖ്യാപിക്കപ്പെടുന്ന സന്ദേശങ്ങളെ സ്വര്‍ഗ്ഗീയദൂതായി കണക്കാക്കുകയും ചെയ്യുന്ന അവസ്ഥയുടെ ഉദാഹരണങ്ങളാണ് ആലപ്പുഴ ജില്ലയിലെ രണ്ട് പ്രധാന ആത്മീയ കച്ചവട കേന്ദ്രങ്ങള്‍. അനുഗ്രഹം വിരല്‍തുമ്പില്‍ എന്നവകാശപ്പെടുന്ന കൃപാസനം.. എത്ര വലിയ മാനസീക പിരിമുറുക്കവുമായി കഴിയുന്നവര്‍ക്കും സൗഖ്യം ഉറപ്പ് എന്ന് അവകാശപ്പെടുന്ന IMS (Indian Missonary Society). I ഇവിടെ M മനസ്സിന് S സമാധാനം എന്നും വായിക്കാം..!!!

അത്ഭുതങ്ങളും അടയാളങ്ങളും എല്ലാം ദൈവത്തില്‍നിന്ന് ആകണമെന്നില്ല, ദൈവത്തിന്‍റെ ശത്രുവില്‍ നിന്നുമാവാം. സാത്താനും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ബൈബിളില്‍ ഇതിനു വ്യക്തമായ തെളിവുകളുണ്ട്. ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച് ചെങ്കടലിനെ വിഭജിച്ച്‌ കാനാന്‍ദേശത്തേക്കു നയിച്ച മോശ ദൈവത്തിങ്കല്‍ നിന്ന് ഉടമ്പടി സ്വീകരിക്കാന്‍ പോയപ്പോള്‍ അക്ഷമരായ ജനം ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ ക്ഷണനേരം കൊണ്ടു വിസ്മരിക്കുകയും, തങ്ങളുടെ ആഭരണങ്ങള്‍ ഉരുക്കി വിഗ്രഹത്തെ ഉണ്ടാക്കി ആരാധിക്കുകയുംചെയ്തു. മോശ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളില്‍ പലതും ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ചെയ്യുകയുണ്ടായി. അടയാളങ്ങളും അദ്ഭുതങ്ങളും അന്വേഷിച്ചു നടക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത് ഈ വചനങ്ങളില്‍ കാണാം.

ആകാശത്തിനുകീഴെ പിതാവായ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍, രക്ഷയ്ക്കായുള്ള ഏക നാമമായി യേശുവിന്‍റെ നാമം മാത്രമേ നമുക്ക് നല്‍കപെട്ടിട്ടുള്ളൂ. അനാദിമുതല്‍ പിതാവായ ദൈവത്തോടോപ്പമായിരുന്ന വചനം എന്ന ക്രിസ്തു മനുഷ്യ രൂപമെടുക്കുവാന്‍ തിരഞ്ഞെടുത്ത അമ്മ മറിയം സ്ത്രീകളില്‍ അനുഗ്രഹീതയും, ഭാഗ്യവതിയും, അതിനാല്‍ ബഹുമാനത്തിനു യോഗ്യയും തന്നെ. എന്നാല്‍ ഏകദൈവത്തിന് പുത്രനിലൂടെ ലഭിക്കേണ്ട ആരാധനയും സ്തുതിയും അമ്മ മറിയത്തിലൂടെയും മറ്റു മധ്യസ്ഥരിലൂടെയും വഴിതിരിച്ചുവിടുകയാണ് ഇവര്‍ ചെയ്യുന്നത്. ക്രിസ്തു പറഞ്ഞിരിക്കുന്നു.... ഞാന്‍ അബ്രഹാമിനും മുന്നെയുള്ളവന്‍, ഞാന്‍ ആദിമുതലേ ഉള്ളവന്‍.. സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല എന്നും ക്രിസ്തു തന്നെ പറഞ്ഞിരിക്കുന്നു. മറിയം ജനിച്ചത്‌ അബ്രഹാമിന് ശേഷമാണ്... അതിനാല്‍ ദൈവമാതാവ് എന്ന വിശേഷണം വചന വിരുദ്ധമാണ്. കൃപ നിറഞ്ഞവളേ എന്നാണ് ദൂതന്‍ സംബോധന ചെയ്തത്, നന്മ നിറഞ്ഞവളെ എന്നല്ല. കൃപ എന്നത് ദൈവീക ദാനവും, നന്മ എന്നത് മനുഷ്യന്‍ ആര്‍ജിക്കുന്നതുമാണ്. ക്രിസ്തു എന്ന ഏക മധ്യസ്ഥനിലൂടെ ദൈവത്തോട് വിശ്വാസത്തോടെ ചോദിക്കുന്നത് ലഭിക്കുമെന്നിരിക്കെ, മധ്യസ്ഥന്മാരുടെയും അമ്മ മറിയത്തിന്‍റെയും പ്രതിമകള്‍ സ്ഥാപിച്ച് അന്ധമായ വിശ്വാസത്തെ ചൂഷണം ചെയ്യുകയും കാണിക്കവഞ്ചി വെച്ച് പണം പിരിക്കുകയും ചെയ്യുന്നു. മാര്‍ത്താമറിയം എന്നപേരില്‍ മണര്‍കാടും കൊരട്ടിമുത്തി എന്ന പേരില്‍ കൊരട്ടിയിലും വല്ലാര്‍പാടത്തമ്മ എന്ന പേരില്‍ വല്ലാര്‍പാടത്തും വേളാങ്കണ്ണിയമ്മ എന്നപേരില്‍ വേളാങ്കണ്ണിയിലും, ക്ലോക്ക് മാതാവ് എന്നപേരില്‍ കൃപാസനത്തിലും, ചെങ്കോലണിഞ്ഞ IMS അമ്മ എന്ന പേരില്‍ IMS ധ്യാനഭവനിലും മാത്രമേ അത്ഭുത സിദ്ധിയുള്ള അമ്മ മറിയം വസിക്കുന്നുള്ളോ ?. എന്നാല്‍, ദീർഘമായി ക്ഷമിക്കുവാനും, സ്നേഹിക്കുവാനും പഠിപ്പിച്ച ക്രിസ്തുവിനെ പിൻപറ്റുന്ന ഒരുവന് സര്‍വ്വവ്യാപിയായ ദൈവത്തെ അന്യേഷിച്ച് ഒരിടത്തും അലയേണ്ടതില്ല.

2004 ഡിസ ബർ 7 ന്, കൃപാസനത്തിലെ അൾത്താരയിൽ ആരാധന നടത്തുന്നതിനായി ദിവ്യകാരുണ്യ സാന്നിദ്ധ്യം മഹാസ്തുതിപ്പോടെ ബലിപീഠത്തിൽ പ്രതിഷ്ഠി ച്ചപ്പോള്‍ “സാക്ഷാല്‍” അമ്മ മറിയത്തെ കണ്ടതായി കൃപാസനത്തിലെ ഫാ: വീ.പി ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. സില്‍വര്‍ ഗ്രേ ആയിരുന്നു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം. മാറിടത്തില്‍... കയ്യിലായി ഒരു ക്ലോക്ക് പിടിച്ചിരുന്നത്രേ !!. ഈ അത്ഭുത ദൃശ്യത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഇരുപതാം പൌരോഹിത്യ വാര്‍ഷികമായ ഡിസംബര്‍ 23 ന് വെഞ്ചരിച്ച മെഴുകുതിരികള്‍ വിശ്വാസികള്‍ക്ക് നല്‍കി. 25 ന് പുന്നപ്ര മുതല്‍ ഫോര്‍ട്ട്‌ കൊച്ചിവരെയുള്ള തീരപ്രദേശത്ത് മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ത്ഥന നടത്തിയതായും പിറ്റെ ദിവസം ക്ലോക്കില്‍ കാണിച്ച സമയത്തുണ്ടായ സുനാമിയില്‍ നിന്ന് പുന്നപ്ര മുതല്‍ ഫോര്‍ട്ട്‌ കൊച്ചി വരെയുള്ള പ്രദേശത്തെ അമ്മ മറിയം കാത്തുരക്ഷിച്ചു എന്നും ഫാദര്‍ അവകാശപ്പെടുന്നു. മൂന്നുപേര്‍ക്ക്‌ ജീവന്‍ നഷ്ടമായ അന്ധകാരനഴിയില്‍ എന്തുകൊണ്ട് മെഴുകുതിരിയുടെ വെളിച്ചം വീണില്ല എന്ന് ആരും ചോദിക്കരുത്.

നമ്മള്‍ ഇന്ന്കാണുന്ന അമ്മ മറിയത്തിന്‍റെ ചിത്രം ആദ്യമായി വരച്ചത് സെയിന്‍റ് ലൂക്ക്‌ എന്ന് കരുതപ്പെടുന്നു. അതെ രൂപത്തില്‍ തന്നെയാണ് കൃപാസനത്തില്‍ ക്ലോക്ക് മാതാവിന്‍റെ വിഗ്രഹം തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ നിന്നും ഫാദര്‍ കണ്ട രൂപം തന്നെയാണ് സെയിന്‍റ് ലൂക്ക്‌ വരച്ചതെന്ന് കരുതാം.!!. കേരളത്തിലും വേളാങ്കണ്ണി ഉള്‍പ്പടെ തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളിലും സുനാമി നിരവധിപേരുടെ ജീവന്‍ അപഹരിച്ചത് കൃപാസനത്തിലെ വെഞ്ചരിച്ച തിരികളുടെ വെളിച്ചത്തിന്‍റെ അഭാവമെന്നോ അമ്മ മറിയത്തിന്‍റെ പക്ഷാഭേദമെന്നോ കരുതാം !!. വിശുദ്ധരായി ജീവിച്ചു ഈ ഭൂമി വിട്ടുപോയവരെല്ലാം പറുദീസയിലാണുള്ളതെന്നു വചനം പറയുന്നു. ഇവര്‍ രണ്ടാം വരവില്‍ മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുകയുള്ളൂ എന്നും വചനത്തില്‍ നിന്ന് വ്യക്തമാണ്. ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു “ഞാന്‍ വീണ്ടും വന്ന്” നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. വിശുദ്ധരെ സ്വര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത് വീണ്ടും വരവിലാണെന്നു മുകളിലെ വചനത്തില്‍ പ്രഖ്യാപിച്ചിരിക്കെ, വിശ്വാസികളോട് വഞ്ചന കാട്ടി, വിശുദ്ധരെ സ്വയം പ്രഖ്യാപിച്ച് സ്വര്‍ഗ്ഗത്തിലാക്കി ആഗോളവ്യാപകമായി വിശുദ്ധരെ സഭ കച്ചവടചരക്കാക്കുന്നു. ഇതിന്‍റെ ഉത്തമ ഉദാഹാരണമാണ് അമ്മ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോഹണം. ഈ ഭൂമിയില്‍ മരിച്ചു അടക്കപെട്ട് താല്‍ക്കാലികമായ പാതാളത്തിലോ പറുദീസയിലോ കഴിയുന്ന ആരും തന്നെ ഭൂമിയില്‍ തിരിച്ചു പ്രക്തഷ്യപ്പെടും എന്ന് വചനം പറയുന്നില്ല. എന്നാല്‍ ജീവനോടെ പറുദീസയിലേക്ക് എടുക്കപ്പെട്ടവരായ ദൈവത്തിന്‍റെ രണ്ട് സാക്ഷികള്‍ അന്ത്യനാളുകളില്‍ തിരിച്ചു ഭൂമിയിലെത്തും എന്ന് വചനത്തില്‍ പറഞ്ഞിട്ടുണ്ട്താനും. ഇവര്‍ ഹാനോക്കും ഏലിയാവും ആയിരിക്കാമെന്നും, അല്ല മോശയും ഏലിയാവുമായിരിക്കാം എന്നും പറയപ്പെടുന്നു. അപ്പോള്‍ പിന്നെ അമ്മ മറിയത്തിന്‍റെ വേഷത്തില്‍ പ്രക്തഷ്യപ്പെടുന്നതും,, രക്തവും, പാലും, നെയ്യുമൊക്കെ ഒഴുക്കുന്നത് ആര് ?.

ഇന്‍റെര്‍നെറ്റ് വഴി ലോകത്തിന്‍റെ ഏതുഭാഗത്തുനിന്നും ഡിജിറ്റലായി മതാവിനായി തിരി കത്തിക്കുന്നതിലൂടെ അനുഗ്രഹം വിരല്‍തുമ്പിലൂടെ സ്വന്തമാക്കാം എന്നുകൂടി കൃപാസനം അവകാശപ്പെടുന്നു. പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രി പ്രകാശിക്കാന്‍ ചന്ദ്രനേയും സൃഷ്ടിച്ച ദൈവത്തിനോ ദൈവപുത്രനെ ഉദരത്തില്‍ വഹിക്കാന്‍ ഭാഗ്യം കൈവന്ന അമ്മമറിയത്തിനോ മനുഷ്യന്‍ ഡിജിറ്റലായോ അല്ലാതെയോ തെളിക്കുന്ന കുരുന്ന് വെളിച്ചത്തിന്‍റെ ആവശ്യകതയുണ്ടോ ?. ഇതൊക്കെ കണ്ടും കേട്ടും ആത്മീയജ്ഞാനം നേടിയിട്ടില്ലാത്തവര്‍ അടയാളങ്ങള്‍മൂലം വഴിതെറ്റാനുള്ള സാഹചര്യം ഏറെയാണ്‌. അന്ധവിശ്വാസം മനുഷ്യന്‍റെ ചിന്താശേഷിയെ ഇല്ലാതാക്കുന്നു. അനാവശ്യ ഭയത്തിന്‍റെ അടിമയും കപടഭക്തിയുടെ ഉടമയുമാക്കി നിങ്ങൾ എന്ന വെക്തിയെ അടിമയെപോലെ ആക്കുന്നു. ആത്മീയതയില്‍ ഉയരുക എന്നതിനേക്കാള്‍, തങ്ങളുടെ ഭാവി പ്രവചിക്കുന്നതു കേള്‍ക്കാനാണ്‌ ഇവിടെ ആളുകള്‍ കൂടുന്നത്. അധികംപേരും അടയാളങ്ങള്‍ അന്വേഷിക്കുന്നത് ഭൗതീക ലക്ഷ്യത്തോടെയാണ്. ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. (2 തിമോത്തി 4:4). സുവിശേഷ ശുശ്രൂഷകാരോ സഭയിലെ ശ്രേഷ്ഠന്മാരോ ആരുതന്നെയായിരുന്നാലും, ദൈവീക നിയമങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളിലേക്കു നയിക്കുന്ന പ്രബോധനങ്ങള്‍ നല്‍കിയാല്‍, ഇവര്‍ പ്രവര്‍ത്തിക്കുന്ന അദ്ഭുതങ്ങളെ സൂക്ഷിക്കുക. ദൈവത്തില്‍നിന്നല്ലാത്ത അടയാളങ്ങള്‍ ആദ്ധ്യാത്മികമായ അപകടങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും എന്നകാര്യം വിസ്മരിക്കരുത്. അദ്ഭുതങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ എങ്ങനെ നാം വിവേചിക്കും ?. അത്ഭുതങ്ങളും അടയാളങ്ങളും ഒരുവനെ യാദാര്‍ഥമായ ആത്മീയ ഉത്കര്‍ഷത്തിലേക്കാണു നയിക്കുന്നതെങ്കില്‍ അത് ദൈവത്തില്‍നിന്നാണെന്നു മനസ്സിലാക്കാം. എന്നാല്‍, ബൈബിളിലെ പ്രവചനങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ സന്ദേശം ഇവിടെ പ്രചരിപ്പിക്കപ്പെടുകയോ, വചനവിരുദ്ധ ആശയങ്ങളിലേക്ക് ആരങ്കിലും നയിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഈ അടയാളങ്ങള്‍ക്കും അദ്ഭുതങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ ആത്മാവല്ല എന്ന് മനസ്സിലാക്കാം.

അന്‍പതിനായിരത്തോളം വിശ്വാസികളെ പങ്കെടുപ്പിച്ചുള്ള രാത്രി ആരാധനയിലൂടെ ഗിന്നസ് ബുക്കില്‍ പേര് ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ഫാ: പ്രശാന്ത് .IMS. ഇതിനുപകരം ഇത്രയും ആത്മാക്കളുടെ പേര് ജീവപുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കില്‍ പിതാവായ ദൈവം എത്രമാത്രം സന്തോഷിക്കുമായിരുന്നു. നിങ്ങള്‍ നിയോഗം സമര്‍പ്പിക്കൂ, അച്ചന്‍ പ്രാര്‍ഥിക്കാം - അച്ചന്‍റെ പ്രാര്‍ഥനക്ക് സാധാരണ ജനത്തിന്‍റെ പ്രാര്‍ഥനയേക്കാള്‍ എന്തോ കൂടുതല്‍ വില ദൈവസന്നിധിയില്‍ ഉണ്ട് എന്ന ധാരണ സൃഷ്ടിക്കുന്നു. അങ്ങനെ പുരോഹിതന്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഇടനിലക്കാരന്‍ ആകുന്നു. ഓരോ മനുഷ്യനും ദൈവത്തെ നേരിട്ട് സമീപിക്കാന്‍ യോഗ്യനാണ്. മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങളും ഞാന്‍ പ്രാര്‍ഥിച്ചു സാധിച്ചു തരാം എന്ന മനോഭാവം പൌരോഹിത്യത്തിന്‍റെ അഹന്തയാണ്. ആനന്ദ ഹൃദയത്തോടെ ദൈവത്തിനു പ്രസാദമുള്ള വേല ചെയ്യുന്ന ആത്മീയന്‍റെ വേഷം എപ്പോഴും വെള്ളയായിരിക്കട്ടെ എന്ന് സഭാപ്രസംഗിയിലെ വാക്യങ്ങള്‍ ഇവര്‍ മനപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്നു. സൂര്യതേജസ്സിനെ ഓര്‍മ്മിപ്പിക്കുന്നതിനാലാവാം ഇവര്‍ കാഷായ വസ്ത്രം സ്വീകരിച്ചത് എന്ന് അനുമാനിക്കാം. ദൈവത്തില്‍ നിന്നും അപ്പോസ്തലന്മാരില്‍ നിന്നും പുറപ്പെട്ട വചനങ്ങള്‍ മായം ചേര്‍ക്കാതെ അറിയിക്കുകയെന്നതാണ് ശുശ്രൂഷകരില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം. അത് ചെയ്യാതെ സ്വന്തം നാശത്തോടൊപ്പം അനേകരെ നശിപ്പിക്കാന്‍ ശേഷിയുള്ള ഇത്തരം വ്യാജപ്രവാചകന്മാരെ നാം സൂക്ഷിക്കേണം. കർത്താവേ, കർത്താവേ, നിന്‍റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല... അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും. “മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ”....

                                                                                                 
                                                                                                   https://www.facebook.com/sureshjoseph2009
0

Add a comment

Loading